Monday, March 30, 2009

താനാരോ തന്നാരോ തക

ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.

സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.

കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് കുടുതല്‍ അറിയാന്‍ എന്റെ ഭരണി പോസ്റ്റ് വായിക്കുക

Friday, March 27, 2009

സായാഹ്നം

Tuesday, March 24, 2009

പുലരിയിലേക്ക് മിഴി തുറന്ന്...


കിഴക്ക് ചുവപ്പ് പടരുന്നതേയുള്ളു. വഴിമാറാന്‍ മടിച്ച് ഇരുള്‍ അതിന്റെ അവസാനത്തെ നീലിച്ച കണങ്ങളെ പുലരിയുടെ ചുവപ്പിലേക്കലിഞ്ഞ് ഇല്ലാതാവുകയാണ്.

ആര്‍ത്തിരമ്പുന്ന കടലും, ഉദിച്ചുയരുന്ന സൂര്യനും സഞ്ചാരിയുടെ കാഴ്ചകളിലേക്ക് ചാരുത പകരുമ്പോള്‍; അകലെ ആഴിയുടെ ആഴങ്ങളില്‍ ജീവിതത്തിന്റെ മറ്റൊരു ദിവസത്തിനായി ഊഴം കാത്തിരിക്കുകയാണ് ഈ വള്ളങ്ങള്‍...

മൂന്നു സാഗരങ്ങളുടെ സംഗമ ഭൂവിലെ ഒരു പുലരി ദൃശ്യം.

Friday, March 20, 2009

ഒരു പുലരൊളിയില്‍...


ഒരു വാരാന്ത്യത്തില്‍, പലപ്പോഴുമെന്നപോലെ ഐലന്റ് എക്സ്പ്രെസ്സില്‍ ബാംഗ്ലൂരില് നിന്ന് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു, അര്‍ദ്ധരാത്രിക്കുശേഷമെപ്പോഴോ ആണ് ഒന്നിരിക്കാന്‍ സ്ഥലം കിട്ടിയത്. ജാലകത്തിനരികെയുള്ള ഒറ്റസീറ്റില്‍. വാളയാര്‍ ചുരം കഴിഞ്ഞ് ഇരുവശവും പച്ചവിരിച്ച; പനയോലകള്‍ തലയെടുത്തുനിന്ന നേര്‍ത്ത മഞ്ഞു പുതച്ച കഞ്ചിക്കോടെന്ന പാലക്കാടന്‍ മണ്ണിലേക്കെത്തിയപ്പോഴേക്ക് രാത്രി വഴിമാറിയതും പുലരിതുടുത്തു വിരിഞ്ഞതും ഞാനറിഞ്ഞിരുന്നില്ല. കുറച്ച് ദൂരവും പിന്നിട്ട് ഒലവക്കോട് ഗ്രാമത്തിലെത്തിയപ്പോഴേക്കും ട്രെയിന്‍ ഒരു മുരള്‍ച്ചയോടെ അല്പനേരം നിന്നു. എവിടെനിന്നോ എന്നിലേക്കൊരു തണുപ്പിന്റെ സ്പര്‍ശം കാറ്റായി വന്നുചേര്‍ന്നതും വെയിലുദിക്കാത്ത ഒരു പച്ചപ്പിലേക്ക് കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന് കരിമ്പനകള് അങ്ങിങ്ങായി..താഴെ പച്ച കമ്പളം പുതച്ച പാലക്കാടന്‍ മണ്ണ്....അതിനെതിരെ, അങ്ങകലെ മഞ്ഞു മേലാപ്പണിഞ്ഞ കല്ലടിക്കോടന്‍ മലനിരകള്‍...

Tuesday, March 17, 2009

മഞ്ഞ



മഞ്ഞുകാലം കഴിഞ്ഞ് വേനലിലേക്കുള്ള യാത്രയില്‍ ബാംഗ്ലൂരിലെ വഴികള്‍ക്കിരുവശവും നിറയെ മഞ്ഞപ്പൂക്കളുടെ അലങ്കാരമാണ്. മഞ്ഞ പടര്‍ന്ന വീഥിയോരങ്ങള്‍.

Wednesday, March 11, 2009

കുട്ടിക്കാലം


നഷ്ടപ്പെടുന്നവയില്‍ ചിലത്...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP